National
റാഞ്ചി: കുട്ടികളെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങള് വ്യാജമെന്ന് തെളിഞ്ഞു. 2018 ജൂലൈയിൽ ശിശുക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ കോൺസിലിയ ഉൾപ്പെടെ മൂന്നുപേരെയാണ് എട്ടു വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ കുറ്റവിമുക്തരാക്കിക്കൊണ്ട് റാഞ്ചിയിലെ സിവിൽ കോടതി വിധി പുറപ്പെടുവിച്ചത്.
സിസ്റ്റർ കോൺസിലിയ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടവർക്കെതിരേ വ്യക്തമായ തെളിവുകൾ സമർപ്പിക്കാൻ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിനടപടി. മിഷനറീസ് ഓഫ് ചാരിറ്റി റാഞ്ചിയിൽ നടത്തിയിരുന്ന നിർമൽ ഹൃദയ് എന്ന സ്ഥാപനത്തിൽനിന്ന് 14 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ 50,000 രൂപയ്ക്കു വിറ്റുവെന്ന ആരോപണത്തെത്തുടർന്നാണ് സിസ്റ്റർ കോൺസിലിയയ്ക്കും സ്ഥാപനത്തിലെ ജീവനക്കാർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നത്.
ഇതിനുപുറമെ 2018 ആദ്യം മുതൽ മൂന്നു കുട്ടികളെക്കൂടി വിറ്റുവെന്ന ആരോപണവും ഇവർക്കെതിരേ ഉന്നയിച്ചിരുന്നു. പീഡനത്തിന് ഇരയായവർക്കും മനുഷ്യക്കടത്തിൽനിന്നു രക്ഷപ്പെടുത്തിയ അവിവാഹിതരായ ഗർഭിണികൾക്കും അഭയം നൽകുന്ന സ്ഥാപനമാണ് നിർമൽ ഹൃദയ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിസ്റ്റർ കോൺസിലിയ 14 മാസത്തോളം ജയിലിൽ കഴിയേണ്ടിവന്നു.
കടുത്ത പ്രമേഹ രോഗബാധിതയായിരുന്നിട്ടും സിസ്റ്റർക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് ജാർഖണ്ഡിലെ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങൾക്കുനേരേ വലിയതോതിലുള്ള പ്രതിഷേധവും അന്വേഷണ കോലാഹലങ്ങളുമാണ് അധികാരികൾ അഴിച്ചുവിട്ടത്. സിബിഐ അന്വേഷണത്തിനുവരെ പോലീസ് ശിപാർശ ചെയ്തു. 24 ശിശുക്കളെ സംരക്ഷിച്ചിരുന്ന ഹിനൂവിലെ മറ്റൊരു സ്ഥാപനം അധികാരികൾ അടച്ചുപൂട്ടി.
കൂടാതെ വിദേശ സംഭാവനകൾ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപണവും സന്യാസിനീസമൂഹം നേരിടേണ്ടിവന്നു. ജാർഖണ്ഡിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 12 സ്ഥാപനങ്ങളും പോലീസ് നിരീക്ഷണത്തിലാക്കി. എന്നാൽ പ്രതിസന്ധികൾ ഏറെ നേരിട്ടെങ്കിലും എട്ടു വർഷത്തിനിപ്പുറം സത്യം മറനീക്കി പുറത്തു വന്നതിന്റെ സന്തോഷത്തിലാണ് കത്തോലിക്കാസഭയും മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹവും.
സത്യം എപ്പോഴും ജയിക്കുമെന്നതിന്റെ തെളിവാണ് ഈ വിധിയെന്നും വർഷങ്ങളോളം കള്ളക്കേസിന്റെ പേരിൽ വേട്ടയാടപ്പെട്ട സിസ്റ്റർ കോൺസിലിയയുടെ നിരപരാധിത്വം ഒടുവിൽ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹം പ്രതികരിച്ചു. സത്യത്തിന്റെയും പ്രാർഥനയുടെയും വിശ്വാസത്തിന്റെയും വിജയമെന്നാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) മുൻ ജനറൽ സെക്രട്ടറിയും ഡാൽട്ടൻഗഞ്ച് ബിഷപുമായ തിയോഡോർ മസ്കരേനാസ് വിശേഷിപ്പിച്ചത്.
ആരോപണങ്ങൾ പോലീസും മാധ്യമങ്ങളും വലിയ രീതിയിൽ പ്രചരിപ്പിച്ചപ്പോൾ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മിക്ക ഭവനങ്ങളും ഇതിന്റെ ആഘാതം നേരിട്ടു. എങ്കിലും കടുത്ത വെല്ലുവിളികൾക്കിടയിലും പാവപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ ജനങ്ങൾക്കായുള്ള തങ്ങളുടെ സേവനം സിസ്റ്റർമാർ തടസമില്ലാതെ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.
Kerala
കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിനെത്തുടർന്ന് നടത്തിയ ഹർത്താൽ ദിനത്തിൽ പെരിയ ബസാറിലെ എകെജി ഭവനു സമീപം നിർത്തിയിട്ട ബൈക്ക് തകർത്തുവെന്ന കേസിൽ അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ കുര്യാക്കോസ് എംപി അടക്കം പ്രതിചേർക്കപ്പെട്ട ഒമ്പതു പേരെയും വെറുതേവിട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കിരൺ, രഞ്ജിത്, അനീഷ്, സുകുമാരൻ, വിനോദ് കുമാർ, അശോകൻ, യുഡിഎഫ് ജില്ലാ ചെയർമാനായിരുന്ന എം.സി. കമറുദ്ദീൻ, കൺവീനർ എ. ഗോവിന്ദൻ നായർ എന്നിവരെയും വെറുതേ വിട്ടു.
National
ന്യൂഡൽഹി: രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ സാമൂഹ്യപ്രവർത്തക മേധാ പട്കറെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി.
2006 ഏപ്രിലിൽ ഒരു ദേശീയ ചാനലിൽ നടന്ന പരിപാടിക്കിടയിൽ അന്നത്തെ നാഷണൽ കൗണ്സിൽ ഓഫ് സിവിൽ ലിബർട്ടീസ് (എൻസിസിഎൽ) പ്രസിഡന്റും ഇപ്പോൾ ഡൽഹി ലഫ്. ഗവർണറുമായ വി.കെ. സക്സേനയ്ക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം.
District News
മുക്കം: കൊടിയത്തൂരിൽ 2017 ജൂലൈ 15ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി പ്രസിഡന്റിന്റെ കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അന്നത്തെ പ്രസിഡന്റായിരുന്ന സി.ടി.സി. അബ്ദുള്ള നൽകിയ പരാതിയിൽ കോൺഗ്രസ് നേതാക്കളെ കോടതി വെറുതേവിട്ടു.
മുക്കം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. യുഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം കൺവീനർ കെ.ടി. മൻസൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി. സൂഫിയാൻ, ബഷീർ പുതിയോട്ടിൽ, കരീം പഴങ്കൽ, റഹ്മത്തുള്ള പരവരിയിൽ, അബു വളപ്പിൽ തോട്ടുമുക്കം എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് താമരശേരി മജിസ്ട്രേറ്റ് ടി.ടി. ഷഹബാനു മുത്തു വെറുതേവിട്ടത്.
സി.ടി.സി. അബ്ദുള്ളയെയും മെംബറായിരുന്ന കെ.പി. ചന്ദ്രനെയും അസി. എൻജിനിയർ അടക്കമുള്ള സാക്ഷികളെയും കോടതി വിസ്തരിച്ചു. അഞ്ച് വർഷം നീണ്ട വിചാരാനടപടികൾക്കു ശേഷമാണ് പ്രതികളെ വെറുതേവിട്ടത്.
പ്രതികൾക്കെതിരേ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടാണ് കോടതി നടപടി. പ്രതികൾക്കു വേണ്ടി അഡ്വ. സി.ടി. അഹമ്മദ്ക്കുട്ടി കോടതിയിൽ ഹാജരായി.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
കേസിലെ 19 പ്രതികളും കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷം പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.
കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു.
അതേസമയം, വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നല്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
National
മുംബൈ: 1993ലെ മുംബൈ കലാപ കേസിലെ കുറ്റാരോപിതനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 53കാരനെ കേസിൽ നിന്നും ഒഴിവാക്കിയത്.
1992 ഡിസംബർ ആറിന് അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിനു പിന്നാലെയാണ് മുംബൈയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.
സംഭവം കഴിഞ്ഞ് 33 വർഷങ്ങൾക്ക് ശേഷമാണ് ആസിഫ് അലി ഷെയ്ഖ് എന്നയാളെ കൊലപാതകശ്രമം, കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കിയതായി അഡീഷണൽ സെഷൻസ് ജഡ്ജി എം.ബി. ഓസ അറിയിച്ചത്.
നിയമവിരുദ്ധമായ സംഘം ചേരലിലോ കലാപത്തിലോ ഷെയ്ഖിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.
പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, 1993 ജനുവരി 12ന് നഗരത്തിലെ വഡാല (കിഴക്ക്) പ്രദേശത്ത് രണ്ട് സമുദായങ്ങളിൽ നിന്നുള്ള 300 മുതൽ 400 വരെ ആളുകൾ ഏറ്റുമുട്ടി. സമീപത്തെ വീടുകൾക്കും ഫാക്ടറികൾക്കും നേരെ കല്ലുകൾ, സോഡ കുപ്പികൾ, തീ പന്തങ്ങൾ, ട്യൂബ് ലൈറ്റുകൾ എന്നിവ എറിഞ്ഞു.
ലാത്തി ചാർജ് ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ച പോലീസ് ഒടുവിൽ ആകാശത്തേക്ക് വെടിവച്ചു. കല്ലേറിൽ നാല് പേർക്ക് പരിക്കേറ്റതായി പ്രോസിക്യൂഷൻ പറഞ്ഞു.
2003 നും 2023നും ഇടയിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 14 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2025 ജൂലൈയിലാണ് ഷെയ്ഖ് അറസ്റ്റിലായത്. ഷെയ്ഖും മറ്റ് പ്രതികളും ചേർന്ന് നിയമവിരുദ്ധമായി സംഘം ചേർന്നു എന്നതിന് നേരിട്ടുള്ളതോ സാഹചര്യപരമായതോ ആയ തെളിവുകളൊന്നുമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.